പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ സാംസ്ക്കാരിക ചരിത്രം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമ്പള രാജാവിന്റെ ചതിയില്‍പ്പെട്ട് വീരാഹുതി നടത്തി വേട രാജാവിന്റെ വീര സ്മരണകള്‍ തുടിക്കുന്ന ത്യക്കടവ് ക്ഷേത്രവും, മതഭേദമന്യേ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചെരിയുന്ന തങ്ങളുപ്പാപ്പയുടെ ഖബറിടവും പൌരാണിക സങ്കല്പങ്ങളില്‍ ദേശീയോദ്ഗ്രഥനത്തിന്റെ ശുഭ സന്ദേശങ്ങള്‍ നിശബ്ദം പ്രചരിപ്പിച്ച് വയനാടിന്റെ ഒരു മുത്തച്ഛന്റെ ലാളന നിറഞ്ഞ മിഴികളോടെ സദാ വീക്ഷിക്കുന്ന ബാണാസുരന്‍ കോട്ടയും ഈ പഞ്ചായത്തിന്റെ ചരിത്ര പശ്ചാത്തലത്തെ ധന്യമാക്കുന്നു.

ധാരാളം വന്യമ്യഗങ്ങള്‍ വിഹരിക്കുന്നതും ഇടതൂര്‍ന്ന വന്‍കാടുകളും പുല്‍മേടുകളും ഉള്ള വനമേഖല സംരക്ഷിത വനമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ചെങ്കുത്തായ മലമ്പ്രദേശത്തിനും സമതല പ്രദേശത്തിനും ഇടയില്‍ നിര്‍വാര്‍ച്ചയുള്ളതും പശിമരാശി കലര്‍ന്ന മണ്ണോടുകൂടിയതുമായ പ്രദേശം നാണ്യവിളകളുടെ കലവറയാണെന്നു പറയാം. കാപ്പി, കുരുമുളക് എന്നീ നാണ്യ വിളകള്‍ ഇവിടെ സമ്യദ്ധമായി വളരുകയും വിളയുകയും ചെയ്യുന്നു. സാമാന്യം ഒരേ തരത്തിലുള്ള വലുതും ചെറുതുമായ കുന്നുകളും അവയ്ക്ക് ഇടയില്‍ ഫലഭൂയിഷ്ഠമായ നെല്‍പാടങ്ങളുമുള്ള ഈ പ്രദേശത്ത് നെല്‍ക്ക്യഷിയും വാഴയും കാപ്പി, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകളും ക്യഷി ചെയ്യുന്നു.

കണ്ണെത്താദൂരത്തില്‍ പരന്നു കിടക്കുന്ന നെല്പാടങ്ങളുള്ള ഈ പ്രദേശത്ത് അപൂര്‍വ്വമായി ചെറിയ കുന്നുകള്‍ കാണാം. ഏറ്റവും അധികം നെല്‍ക്യഷി നടത്തുന്നത് ഈ ഭാഗത്താണ്.

സ്ഥലനാമചരിത്രം

കുറുമ്പാലക്കോട്ടയിലുണ്ടയിരുന്ന പ്രസിദ്ധമായ ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റും നില്ക്കുന്ന ക്ഷേത്രങ്ങള്‍ ദിക്കിന്റെ പേരിനോട് ചേര്‍ന്നു അറിയപ്പെട്ടിരുന്നു. തറ (ഗ്രാമം) ആയതിനാല്‍ ആയിരുന്നിരിക്കണം ഈ ഭൂവിഭാഗത്തിന് പടിഞ്ഞാറത്തറ എന്ന പേര്‍ ലഭിക്കുവാനുള്ള കാരണം. തെക്കുഭാഗത്ത് നില്ക്കുന്നത് തെക്കുംതറ, കുറുമ്പാലകോട്ട നില്‍ക്കുന്നത് കോട്ടത്തറ, പടിഞ്ഞാറെ വീട് ഭഗവതീക്ഷേത്രത്തെക്കുറിക്കാന്‍ പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

പടിഞ്ഞാറെവീട് ക്ഷേത്രത്തില്‍ തിറയുത്സവും ഉണ്ടായിരുന്നു. ഇതാണ് പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള വിശ്വാസം. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ ബാണാസുരന്‍ കോട്ട പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒന്നാണ്. മഹാബലിയുടെ മകനും ഉഗ്ര പ്രതാപിയുമായ ഈ അസുരന്‍ ശിവനെ തപസ്സ് ചെയ്ത് വരം നേടിയെന്നും പര്‍വ്വതങ്ങളുടേയും മറ്റു മറവില്‍ നിന്നു ദേവന്മാരെ ആക്രമിച്ചിരുന്നു എന്നു പുരാണങ്ങളില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പേരിലെ കോട്ടയുടെ നഷ്ടാവശിഷ്ടങ്ങളും കുളവും മറ്റും ഇന്നും ബാണാസുരന്‍ കോട്ടയിലുണ്ട്. കന്യാകുമാരിയുടെ പൂര്‍വ്വാവതാരമായിരുന്ന പുണ്യകാശിയോട് താല്പര്യം തോന്നിയ ബാണന്‍ മൂന്ന് ലോകങ്ങളും ജയിച്ചടക്കി ദുര്‍ഭരണം നടത്തിയിരുന്ന കാലത്ത് പുണ്യകാശിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും വഴങ്ങാതായപ്പോള്‍ യുദ്ധമുണ്ടായെന്നും യുദ്ധത്തില്‍ ദേവിയുടെ ചക്രായുധം ഏറ്റ് ബാണന്‍ നിലം പതിച്ചു എന്നും പറയപ്പെടുന്നു. ആ പ്രദേശത്താണ് കന്യാകുമാരിയിലെ ചക്ര തീര്‍ത്ഥം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ബാണന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാവുന്നത്.

വിദ്യാഭ്യാസ ചരിത്രം

വിദ്യാഭ്യാസ രംഗത്ത് പഞ്ചായത്തില്‍ ആദ്യത്തെ സംരംഭം ഞാറ്റാലയിലാരംഭിച്ച എഴുത്ത് പള്ളിക്കൂടമായിരുന്നു. ഐക്യ നാണയ സംഘം ഗ്രാമീണ വായനശാല എന്നിവയും കലാസമിതികളും ഗ്രാമത്തിന്റെ പൌരാണിക സംസ്ക്കാരത്തെ കുറിയ്ക്കുന്നു. 1955 ന് മുന്‍പ് തന്നെ പടിഞ്ഞാറത്തറയില്‍ ആയൂര്‍വേദ ഡിസ്പെന്‍സറിയും വെറ്റിനറി ക്ളീനിക്കും ഉണ്ടായിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് ഏറെ സേവനങ്ങള്‍ ചെയ്ത ശ്രീ. പാപ്പച്ചന്‍ വൈദ്യര്‍ക്ക് പഴമക്കാരുടെയില്‍ വലിയസ്ഥാനമാണുള്ളത്.

ഭരണ ചരിത്രം

കേരള സര്‍ക്കാറിന്റെ 11-12-1958 ലെ അസാധാരണ ഗസറ്റ് സൂചന പ്രകാരം വൈത്തിരി പഞ്ചായത്ത് ഭരണസമിതി, വൈത്തിരി പഞ്ചായത്തിനെ നാലു പഞ്ചായത്തുകളായി വിഭജിക്കാന്‍ തീരുമാനിച്ചുവെങ്കിലും തരിയോട് പഞ്ചായത്തിന്റെ ഭാഗമായി തീര്‍ന്ന പടിഞ്ഞാറത്തറ പീന്നിട് ഒരു പതിനാറ്റാണ്ടിന് ശേഷമാണ് പഞ്ചായത്തായി രൂപം കൊണ്ടത്. 1971-ല്‍ കോട്ടത്തറ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കുപ്പത്തറ വില്ലേജും തരിയോട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന പടിഞ്ഞാറത്തറ വില്ലേജും ഉള്‍പ്പെടുത്തി പടിഞ്ഞാറത്തറ പഞ്ചായത്ത് രൂപീകരിച്ചു. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെ. ജെ. ജോസഫ് ആയിരുന്നു. എന്‍. ടി. കുഞ്ഞിരാമന്‍ നായര്‍, ബീസി അഹമ്മദ് കുട്ടി, കാവര കുഞ്ഞിരാമന്‍ നായര്‍, എന്‍.ടി രാഘവന്‍ നായര്‍, കെ.എസ്സ്. ജോസഫ്, കെ. അയമ്മദ് കുട്ടി, എം.ഗൌരി എന്നിവയായിരുന്നു ആദ്യഭരണ സമിതിയംഗങ്ങള്‍. ഈ ഭരണ സമിതി 16 വര്‍ഷത്തോളം നിലനിന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ. കെ. പി അബു പ്രസിഡന്റ്ായി. ഈ കാലയളവില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചവരാണ് ശ്രീ. കെ.പി. തോമസ്, കെ.കെ. മമ്മൂട്ടി എന്നിവര്‍.

കാര്‍ഷിക ചരിത്രം

ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നതുകൊണ്ട് സാമാന്യം നല്ല മഴ എല്ലാ വര്‍ഷവും ലഭിക്കുന്നു. വിശാലമായ നെല്‍വയലുകള്‍ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. പണ്ടു കാലങ്ങളില്‍ കന്നുകാലി വളര്‍ത്തലും, നെല്‍ക്യഷിയും മുഖ്യതൊഴിലുകളായിരുന്നു. തൊണ്ടി, വെളിയന്‍, ചോമാല, ചെന്നല്ല്, ഗന്ധകശാല, ജീരകശാല തുടങ്ങിയ നെല്ലിനങ്ങള്‍ ക്യഷി ചെയ്തിരുന്ന നെല്‍പാടങ്ങള്‍ ഭൂരിഭാഗവും ഒരുപ്പൂ ക്യഷി ചെയ്യുന്നവയാണ്.

സുലഭമായി ലഭിച്ചിരുന്ന കാലവര്‍ഷവും ചാണകവും നെല്‍ക്യഷി ആദായകരമാക്കിയിരുന്നു. 1762 ഹെക്ടറില്‍ കാപ്പിക്യഷി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ളവയില്‍ ഭൂരിഭാഗവും പഴയ തോട്ടങ്ങളാണ്. കറുത്ത പൊന്നന്നറിയപ്പെടുന്ന കുരുമുളക് വന്‍തോതില്‍ ഉത്പാദിപ്പിച്ചിരുന്ന ഒരു പഞ്ചായത്താണ് പടിഞ്ഞാറത്തറ. 95 ഹെക്ടറോളം തെങ്ങ് ക്യഷിയുണ്ടെന്ന് കണക്കൂകള്‍ സൂചിപ്പിക്കുന്നു. പഞ്ചായത്തിലെ വയലേലകള്‍ വാഴക്ക്യഷിയുടെ താവളങ്ങളായി മാറിയിരിക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 93 ഹെക്റോളം കപ്പ (മരച്ചീനി) ക്യഷിയുണ്ട്. അരിക്കുപകരമുള്ള ഒരു പ്രധാന ആഹാരമായി മരച്ചീനി ഉപയോഗിക്കപ്പെടുന്നു. ചില പ്രധാന ഇനങ്ങളായ അമ്പക്കാടന്‍, ക്വിന്റണ്‍, എച്ച് 4 ഐ.ആര്‍.-8., എന്നിവ ഇവിടെ വിളയിക്കുന്നു.

ജനവിഭാഗങ്ങൾ

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ പടിഞ്ഞാറത്തറയിലെഞാറ്റാലവീട്ടില്‍ ആരംഭിച്ച എഴുത്തു പള്ളികൂടമാണ് ആദ്യത്തെ വിദ്യാഭ്യാസ കേന്ദ്രം. വയനാട് ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ പുലയന്‍, ചെറുമന്‍ എന്നീ സമുദായങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ അധിവസിക്കുന്ന ഒരു പഞ്ചായത്താണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. ഇവിടെ പുലയ വിഭാഗത്തിലുള്ളവരാണ് ഏറ്റവും കൂടുതല്‍. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ പണിയര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍ എന്നീ വിഭാഗക്കാരും വയനാട് കാടര്‍ വിഭാഗത്തില്‍പ്പെട്ട സമുദായക്കാരും താമസിക്കുന്നു. കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ജനസംഖ്യയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗമാണ് പണിയര്‍.

വയനാട് ഉള്‍പ്പെട്ട പശ്ചിമഘട്ട നിരകളിലാണ് പണിയര്‍ ആദികാലം തൊട്ടേ ജീവിച്ച് പോന്നത്. കുറിച്ച്യര്‍ വയനാട്ടില്‍ കുടിയേറിപാര്‍ത്ത ഒരു വിഭാഗമാണെന്നു കരുതപ്പെടുന്നു. കുടുമ നീട്ടിയും അമ്പും വില്ലും ധരിച്ചും നടന്നിരുന്നു. ഇവര്‍ കരിനായന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കാട്ടുനായ്ക്കര്‍ വനത്തില്‍ ഗുഹകളിലും മറ്റു താമസിച്ച് വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ചിരുന്നു. ഈ വിഭാഗത്തെ സര്‍ക്കാര്‍ പ്രാക്തനാഗോത്രവര്‍ഗ്ഗത്തില്‍പെടുത്തി പ്രത്യേകം സംരക്ഷണം നല്‍കി വരുന്നുണ്ട്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന പണിയര്‍ അധികവും കര്‍ഷകത്തൊഴിലാളികളാണ്.